വാസുദേവൻ

Share:

Listens: 0

Mozhi Podcast

Education


13.08.2016 പ്രിയപ്പെട്ട ജിബിൻ, കൊല്ലം തീവണ്ടി ആപ്പീസിനു മുന്നിൽ നിന്നും പ്രൈവറ്റ് ബസ്സിൽ കയറി. സന്ധ്യ കഴിഞ്ഞ് ഇരുട്ടു പരന്നിരുന്നു. ബസ്സിൻ്റെ ഏറ്റവും പിന്നിലായി കമ്പിയിൽ തൂങ്ങി അഭ്യാസി ആയി നിൽക്കേ കേട്ടു, "നിൻ മണിയറയിലെ നിർമ്മല ശയ്യയിലെ നീല നീരാളമായ് ഞാൻ മാറിയെങ്കിൽ..." പിന്നണി ഗായകൻ ജയചന്ദ്രൻ പാടിയ ശ്രീകുമാരൻ തമ്പിയുടെ വരികൾ. വാസുദേവൻ സീറ്റിൽ ചാരി നിന്നുകൊണ്ട് അടുത്ത സീറ്റിൽ ഇരിക്കുന്ന ഒരാളെ താഴ്ന്ന ശബ്ദത്തിൽ പാടി കേൾപ്പിക്കുകയാണ്. അയാൾ വരികൾ പ്രോംപ്റ്റ് ചെയ്തുകൊണ്ട് വാസുദേവനെ പ്രോത്സാഹിപ്പിക്കുന്നു. കൂട്ടത്തിൽ ഞാനും കൂടി. കുളിരു പകരുന്ന പഴയ ഗാനങ്ങൾ ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്തു് വാസുദേവൻ്റെ മുന്നിൽ ഇട്ടുകൊടുത്തു. വാസുദേവന് കിട്ടാഞ്ഞ വരികൾ പൂരിപ്പിച്ചു കൊടുത്തു. മറ്റൊരാൾ വാസുദേവൻ്റെ പോക്കറ്റിൽ പത്തു രൂപാ വച്ച് കൊടുത്തു (വാസുദേവൻ വേണ്ടാ എന്ന് പറഞ്ഞു). കുറേ കഴിഞ്ഞപ്പോൾ ഞാൻ വാസുദേവനെ പരിചയപ്പെട്ടു. കൂലിപ്പണിക്കാരനാണ് അയാൾ. പാട്ടിനോട് വലിയ കമ്പമാണ്. പണികഴിഞ്ഞു, സ്മാൾ അടിച്ചിട്ട് ബസിൽ കയറിയതാണ്. "ഒരു പെട്ടി നിറച്ചു പാട്ടു പുസ്തകങ്ങളും CD കളും" സൂക്ഷിക്കുന്ന വാസുദേവൻ പുനലൂരിൽ പല പ്രാവശ്യം വന്നിട്ടുണ്ട് പോലും. "ചേട്ടാ, മണിച്ചിത്രത്താഴ് ഞാൻ പുനലൂർ തായ്‌ലക്ഷ്മി യിൽ ആണ് കണ്ടത്. പിന്നെ ഞാൻ തൂക്കു പാലത്തിൽ കിടന്നുറങ്ങിയിട്ടുണ്ട്" (തൂക്കുപാലത്തിനു ഇങ്ങനെയും ഒരു ഉപയോഗം ഉണ്ടല്ലോ?). ബസ്സിൻ്റെ പിന്നിൽ ഞങ്ങൾ പാട്ടാസ്വദിക്കവേ യാത്രക്കാർ പലരും അപരിഷ്‌കൃതരായ ഞങ്ങളെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. കൂട്ടിക്കടയിൽ വാസുദേവൻ ഇറങ്ങിയപ്പോൾ അതുവരെ മിണ്ടാതിരുന്ന കമ്പിയിൽ തൂങ്ങിയായ ഒരു ചെറുപ്പക്കാരൻ്റെ ചുണ്ടിൽ നിന്നും ഇങ്ങനെ കേട്ടു. "മഞ്ഞലയിൽ മുങ്ങി തോർത്തി, മധുമാസ ചന്ദ്രിക വന്നു, നിന്നെ മാത്രം കണ്ടില്ലല്ലോ..." ജിബിൻ, നിനക്ക് തോന്നുന്നുണ്ടോ ഇതൊരു പകർച്ച വ്യാധി ആണെന്ന്? സന്തോഷിക്കാൻ മറന്നു പോകുന്ന മാന്യ ജീവിതങ്ങൾക്കിടയിൽ ചുമ്മാതെ സന്തോഷം കൊണ്ടു നടക്കുന്നു വാസുദേവൻ! Read at http://mozhi.org --- Send in a voice message: https://anchor.fm/mozhiorg/message